Web Analytics Made Easy -
StatCounter
+91 9072315933

'മിറര്‍ ഓഫ് ദി ഫ്യൂച്ചര്‍'; റഷ്യയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡിവുഡ് അവസരമൊരുക്കുന്നു

കൊച്ചി: സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന, രാജ്യത്തെ യുവപ്രതിഭകളില്‍ നിന്ന് റഷ്യന്‍ എജൂക്കേഷണല്‍ ഫിലിം ഫെസ്റ്റിവലായ 'മിറര്‍ ഓഫ് ദി ഫ്യൂച്ചറി'ല്‍ പങ്കെടുക്കുന്നതിന് ഇന്‍ഡിവുഡ് ഫിലിം സൊസൈറ്റി അപേക്ഷകള്‍ ക്ഷണിച്ചു. 2023 ജൂലൈ 3 മുതല്‍ 11 വരെ റഷ്യയിലെ ആൾടേയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നതിനാണ് ഇന്‍ഡിവുഡ് അവസരമൊരുക്കുന്നത്. ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നതിന് 14നും 17നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സൃഷ്ടികള്‍ ( ഷോർട്ട് ഫിലിമുകൾ) സഹിതം ഇന്‍ഡിവുഡ് ഫിലിം സൊസൈറ്റിയെ ബന്ധപ്പെടണം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് മേളയിലേക്ക് പ്രവേശനം ലഭിക്കുക. ഇവര്‍ക്ക് ഫിലിം ഫെസ്റ്റിവലിലുടനീളം ഒരു പ്രൊഫഷണല്‍ മെന്‍ഡറുടെ സഹായം ലഭിക്കും. ചലച്ചിത്രമേളയില്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും കുറിച്ച് പ്രൊഫഷണല്‍ ചലച്ചിത്രകാരുടെ ക്ലാസുകള്‍ ഉണ്ടാകും.

സ്‌കൂള്‍-കോളേജ് തലം മുതല്‍ സിനിമയെ അടുത്തറിയാനും പഠിക്കാനും അവസരമൊരുക്കുന്ന പ്ലാറ്റ്‌ഫോം എന്ന ആശയത്തിലാണ് ഇന്‍ഡിവുഡ് ഫിലിം സൊസൈറ്റി രൂപം കൊണ്ടത്. വരും തലമുറയിലെ ചലച്ചിത്രകാരെ വാര്‍ത്തെടുക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്‍ഡിവുഡിന്റേത്. വിതരണം, പ്രൊമോഷന്‍ തുടങ്ങി സിനിമയുടെ സമസ്ത മേഖലകളെയും മനസിലാക്കുന്നതിനായി സൊസൈറ്റി നടത്തുന്ന ഇന്‍ഡിവുഡ് ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തില്‍ രാജ്യത്താകെ ഫിലിം ക്ലബ്ബുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

വിവിധ സംസ്‌കാരങ്ങള്‍ തമ്മില്‍ ഇടപഴകുന്നതിനും വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ പങ്ക് വയ്ക്കുന്നതിനും പരസ്പരം മനസിലാക്കി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള ഒരു പ്രീമിയം പ്ലാറ്റ്‌ഫോമായി ഇന്‍ഡിവുഡ് ഫിലിം സൊസൈറ്റി പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കി മികച്ച ജോലി സമ്പാദിക്കുന്നതിന് സഹായിക്കുന്ന കരിയര്‍ ഗൈഡന്‍സ് കോഴ്‌സുകളും ഇന്‍ഡിവുഡ് നടത്തിവരുന്നു. മിറര്‍ ഓഫ് ദി ഫ്യൂച്ചറുമായി സഹകരിക്കുക വഴി രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള സിനിമയെ അടുത്തറിയാനും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നേരിട്ട് പഠിക്കുവാനുമുള്ള അവസരമാണ് ഇന്‍ഡിവുഡ് ഒരുക്കുന്നത്.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ ഹ്രസ്വചിത്രങ്ങള്‍ ഉള്‍പ്പെടെ മെയ് 20ന് മുമ്പ് aliiff@indywood.co.in എന്ന വിലാസത്തില്‍ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് : +91 9539000553